പട്ടയം വാങ്ങാന്‍ വരുന്ന ഓരോ കുടിയാനും എന്നോടു പറഞ്ഞു ”പണ്ട് ഞങ്ങളീ മുറ്റത്ത് വാഴക്കുലയും പൂവന്‍ കോഴിയും നെയ്യുമായി ഓച്ഛാനിച്ചു നിന്നിട്ടുണ്ട്.” നാലുകെട്ടിനകത്തെ ഇരുളില്‍ ജന്മിത്വത്തിന്റെ പ്രേതങ്ങള്‍ അലഞ്ഞു നടക്കുന്നത് നേരിട്ടുകണ്ട ഒരാളാണ് ഇതെഴുതുന്നത്.
‘വീട്
കെട്ടി മുടിഞ്ഞ ഒരു ജനത’ എന്ന് നാളെ ആരെങ്കിലും ഒരു ചരിത്രമെഴുതുകയാണെ
ങ്കില്‍ അതില്‍ മലയാളിയുണ്ടാകും. ഉള്ള പത്തു സെന്റില്‍ എട്ടു സെന്റും
സിമന്റും കമ്പി യും പൂഴിയുമായി മേലോട്ടു മേലോട്ടു നോക്കി നില്‍ക്കുന്ന ആ
രമ്യ സൗധങ്ങള്‍ അടുത്ത തലമുറ പൊളിച്ചു കളയുമെന്ന ഒരു ഉത്കണ്ഠ മലയാളിക്ക്
ഇല്ല. ബാക്കി വരുന്ന രണ്ടു സെന്റില്‍ സിമന്റിഷ്ടികകള്‍ ചുട്ടു പതിയ്ക്കും.
വീട്ടുമുറ്റങ്ങള്‍ തീ ജ്വാലകളേറ്റുവാങ്ങുന്ന നരകകവാടങ്ങളാക്കി കേരളം
വീടുകള്‍ പണിതു കൊണ്ടേയിരിക്കുന്നു. നിരത്തില്‍ ദിനംപ്രതി പുതിയ കാറുകള്‍
പോലെ നാടായ നാട്ടി ലൊക്കെ ദിനം പ്രതി പുതിയ വീടുകള്‍ . ഇന്ന് എളുപ്പം
കിട്ടുന്ന രണ്ടു ലോണുകള്‍ വീടിനും കാറിനും. പഠിക്കാന്‍ ലോണ്‍ കിട്ടാതെ
ആത്മഹത്യ ചെയ്യുന്ന യുവത്വം ഈ വീടുകളിലാണ് പാര്‍ക്കുന്നത്. പണ്ട് കാട്ടിലെ
വീട്ടികളത്രയും കടത്തി വീടു പണിത പഴയ ആ ജന്മി മരിച്ചിട്ടില്ല. അവര്‍
പുനര്‍ജനിച്ചിരിക്കുന്നു. പണ്ടൊരു ചങ്ങാതി പറഞ്ഞു ”പഴയ ഇല്ലങ്ങളിലും
ബംഗ്ലാവുകളിലും കോവിലകങ്ങളിലും നമുക്കിനിയും ട്രഷറിയും പഞ്ചായത്താഫീസും, പോലീസ്
സ്റ്റേഷനുമാക്കാം.” ഇതൊരു തമാശയായിരുന്നില്ല. ഇതെഴുതുന്ന ആള്‍ നേരിട്ട്
അനുഭവിച്ചതാണ്. 1977-ല്‍ അടിയന്തിരാവസ്ഥ കത്തി ത്തൂങ്ങിനിന്ന നാളുകളില്‍
ഞാനൊരു ലാന്റ് ട്രിബ്യൂണല്‍ ആഫീസിലെ പകര്‍പ്പെഴുത്തു ഗുമസ്ഥനായിരുന്നു.
നാട്ടിലെ ഏറ്റവും വലിയ ജന്മി അടക്കി വാണ വലിയൊരു മനയായിരുന്നു ഞങ്ങളുടെ
ആഫീസ്. അയാള്‍ പിടിച്ചെടുത്ത ഭൂമികള്‍ അത്രയ്ക്ക് ആ വീട്ടിലിരുന്ന് അയാളുടെ
പ്രജകള്‍ക്ക് (കുടിയാന്മാര്‍ക്ക്) തന്നെ പതിച്ചുകൊടുത്തു. പട്ടയം
വാങ്ങാന്‍ വരുന്ന ഓരോ കുടിയാനും എന്നോടു പറഞ്ഞു ”പണ്ട് ഞങ്ങളീ മുറ്റത്ത്
വാഴക്കുലയും പൂവന്‍ കോഴിയും നെയ്യുമായി ഓച്ഛാനിച്ചു നിന്നിട്ടുണ്ട്.”
നാലുകെട്ടിനകത്തെ ഇരുളില്‍ ജന്മിത്വത്തിന്റെ പ്രേതങ്ങള്‍ അലഞ്ഞു
നടക്കുന്നത് നേരിട്ടുകണ്ട ഒരാളാണ് ഇതെഴുതുന്നത്. ഭൂമി പതിച്ചുകൊടുത്ത്
കഴിഞ്ഞപ്പോള്‍ ലാന്റ് ട്രിബ്യൂണല്‍ അബോളിഷ് ആയി. ഓഹരി വയ്‌ക്കേണ്ട
കെട്ടിടത്തിന്റെ വാടകയും നിലച്ചു. പിന്നെ അത് ലേലം വിളിച്ച് തൂക്കി വിറ്റു…
കേരളത്തിന്റേതു പോലെ നനവും ഈര്‍പ്പവുമുള്ള ഒരു മിതശിതോഷ്ണ ഭൂപടത്തില്‍
നേര്‍വിപരീത കാലാവ സ്ഥയുള്ള രാജസ്ഥാനില്‍ നിന്നും മറ്റും വരുന്ന മാര്‍ബിളും
ഗ്രാനൈറ്റും വീടിന്റെ അടിയാധാരങ്ങളാകുന്നത് ഒട്ടും സന്തോഷകരമല്ല. ഇപ്പോള്‍
തന്നെ എഴുപതുകളിലെ വീടുകളും അടിയാധാരങ്ങളും വിള്ളല്‍ കാരണം പൊളിച്ചുതൂക്കി
വിറ്റു തുടങ്ങി… ഒപ്പുമരം ഇത് ഓര്‍മ്മിക്കാന്‍ കാരണമായത്. അനില്‍കുമാര്‍
തിരുവോത്ത് എനിക്ക് അയച്ചു തന്ന ‘ജീവിതം കാല്‍ച്ചുവട്ടില്‍ കാണാകുന്നു.’
എന്ന കവിതാസമാഹാരം കയ്യില്‍ കിട്ടിയപ്പോഴാണ് സിവിക് ചന്ദ്രന്റെ അവതാരികയോടെ
ഇറങ്ങിയ പുസ്തകത്തിലെ പതിനാറാമത്തെ കവിതയുടെ പേരു തന്നെ ‘പുരപ്പാട്ട്’
എന്നാണ്. പുരകെട്ടിയ ഒരുത്തനും ഈ കവിത മറക്കുകയില്ല. പുര കെട്ടാന്‍ പോകുന്ന
ഒരുത്തനും ഈ കവിത ഓര്‍ക്കാന്‍ ഇഷ്ടപ്പെടുകയുമില്ല. അതുകൊണ്ടാണ് ഈ
കവിതയെപ്പറ്റി ഒപ്പുമരത്തില്‍ എഴുതാനാഗ്രഹിച്ചത്. കവിതയെ അപഗ്രഥിച്ച്
നശിപ്പിക്കുന്ന പണിക്ക് മുതിരുകയല്ല. കവിത ആസ്വദിക്കാന്‍ നിങ്ങളോട്
ശുപാര്‍ശ ചെയ്യുകയാണ് ഒപ്പുമരം. ആയതിനാല്‍ അനില്‍കുമാറിന്റെ
പുരപ്പാട്ടിന്റെ ആദ്യത്തെയും അവസാനത്തെയും വരികള്‍ ചേര്‍ത്ത് അതിനകത്തേക്ക്
കടക്കാന്‍ ഞാനൊരു വാതില്‍ പണിയട്ടെ:
രണ്ടാം നിലയില്‍ നിന്ന്
പിന്നേം പിന്നേം മേലോട്ട് തന്നെ
നോക്ക്ണത് എന്തിനെന്റെ ചങ്ങായ്യേ…
ഇനിയൊന്നു നോക്കണ്ട ചങ്ങായ്യേ…
കെട്ടാനിരിക്കുന്ന വീട്
അങ്ങ് പൊളിച്ച് കളിഞ്ഞിയ്ക്ക് ചങ്ങായ്യേ…?
അനില്‍കുമാര്‍ പറയുന്നു
മറ്റൊരാള്‍ക്ക്
കേള്‍ക്കാന്‍ കഴിയാത്ത ചില ശബ്ദങ്ങള്‍ അലറിക്കരയുന്ന നേരമാണ് എന്റെ
കവിതയുടെ നേരം. ശരിയാണ് ആ ശബ്ദം ഞാന്‍ കേള്‍ക്കുന്നു. തിരിച്ചറിയുന്നു.
നിങ്ങളും തിരിച്ചറിയുക
ഈ പുസ്തകത്തിന്റെ പ്രസാധനം റാസ് ബറി ബുക്സ്.