--

--
ഈ പംക്തിക്ക് ഒപ്പുമരം എന്നു പേരിടുമ്പോള്‍ എന്‍ഡോസള്‍ ഫാന്റെ ആഗോള നിരോധനത്തിനായി കാസര്‍ക്കോട്ടുയര്‍ത്തിയ ഒപ്പുമരത്തിന്റെ ഓര്‍ മ്മ എനിക്ക് തുണയുണ്ട്. സാമൂഹ്യദ്രോഹികള്‍ വിഷം വെച്ച് കൊല്ലാന്‍ ശ്രമിച്ചിട്ടും അതിജീവിച്ച ഒരു മഞ്ഞ വാകമരമാണ് അന്ന് ഒപ്പുമരമാ യത്. അതിജീവനത്തിന്റെ കരുത്തുള്ള ആ പ്രതീകം അന്ന് നമുക്ക് എന്‍ഡോസള്‍ഫാന്റെ നിരോധനം കൊണ്ടുവന്നു തന്നു. ഒരേ സമയം നമ്മുടെ പ്രതിരോധത്തിന്റെ കയ്യൊപ്പും എന്‍ഡോ സള്‍ഫാന്‍ ഇരകളുടെ വേദനകള്‍ ഒപ്പിയെടുക്കുന്ന ആര്‍ജ്ജവവും ഒപ്പുമരവും ആവാഹിച്ചു. പിന്നീട് കാസര്‍ക്കോട്ടെ എത്രയോ സമരങ്ങള്‍ ഒപ്പുമരച്ചുവട്ടില്‍ അരങ്ങേറി.

Tuesday 30 May 2017

നന്ദി ഇസ്ലാമിയ

ഉദുമ ഇസ്‌ലാമിയാ എ.എല്‍.പി സ്‌കൂള്‍ എന്നെ ഞാനാക്കി തീര്‍ത്ത എന്റെ ആത്മ വിദ്യാലയമാണ്. ഇന്നു ഞാന്‍ എന്തൊക്കെ അറിവ് നേടിയോ, ഏതൊക്കെ സ്ഥാനത്ത് എത്തിയോ, അതെല്ലാം എനിക്ക് നേടിതന്നത് ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂളാണ്. എന്റെ അറിവിന്റെ ഉമ്മയും ഉപ്പയും ഗുരുനാഥനും ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂളാണ്. എനിക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ചു തന്ന ഓരോ അധ്യാപകരെയും ഞാനിപ്പോള്‍ ഓര്‍ക്കുന്നു. ഒന്നാം ക്ലാസ്സില്‍ എനിക്ക് തറ എന്നും പറ എന്നും പഠിപ്പിച്ചുതന്ന മൗലവി മാഷ്, ആ ഗുരുനാഥന്റെ കൈ കൊണ്ടാണ് ഞാന്‍ മലയാളത്തിലെ അക്ഷരങ്ങള്‍ തൊട്ടത്. ഞങ്ങള്‍ മാങ്ങാട് മൊയിലാര്‍ച്ച എന്നു വിളിക്കുന്ന ഉസ്താദാണ് അലിഫും ബാഹും എഴുതിപ്പിച്ച് അറബി അക്ഷരങ്ങളെ തൊടാന്‍ പഠിപ്പിച്ചത്. രണ്ടാം ക്ലാസ്സില്‍ കവിത ചൊല്ലാന്‍ പഠിപ്പിച്ചു കൊണ്ട് കോരന്‍ മാഷ് എന്നെ ഭാഷ ഒരു താളംകൂടിയാണെന്ന് ബോധ്യപ്പെടുത്തി. മൂന്നാം ക്ലാസ്സില്‍ കണക്കിന്റെ മായാജാലത്തിലേക്ക് വഴിതുറന്ന് തന്ന മാഷിന്റെ പേര് എനിക്കറിഞ്ഞു കൂടാ. ഇടയ്ക്കിടെ തേള്‍ കുത്തിയതുപോലെ തുടയില്‍ നുളളുന്നതുകൊണ്ട് ആരും അദ്ദേഹത്തിന്റെ പേരു പോലും അറിയാന്‍ ശ്രമിച്ചില്ല. ഇടയ്ക്കിടെ ശ്രീധരന്‍ മാഷ് വന്നു ഞക്കള്‍ക്ക് പല കാര്യങ്ങളും പറഞ്ഞ് തന്നു. പൊതു വിഞ്ജാനമായിരിക്കണം. അദ്ദേഹത്തിന് പാട്ടും നാടകവും അറിയാമെന്ന് ഞങ്ങള്‍ അടക്കം പറഞ്ഞു. അദ്ദേഹം മുടി സ്റ്റൈലില്‍ ചീകി വെച്ചിരിക്കുന്നത് കൊണ്ട് ഞങ്ങള്‍ രഹസ്യമായി അദ്ദേഹത്തെ ഹീറോ എന്ന് വിളിച്ചു. ഗോപാലന്‍ മാഷായിരുന്നു ഞങ്ങളുടെ ആദി ഗുരു. ചുമലില്‍ ഒരു ഷാളുമിട്ട് ഖദര്‍ കുപ്പായവും ധരിച്ച് ഗോപാലന്‍ മാഷ് ഭീഷ്മാപിതാവിനെപ്പോലെ എല്ലാ അധ്യാപകര്‍ക്കും വഴികാട്ടിയായി. നാലാം ക്ലാസ്സില്‍ എത്തിയപ്പോള്‍ ഞാന്‍ ഗോപാലന്‍ മാഷുടെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയായി. കാരണം വളരെ ചെറുതാണ്. ക്ലാസില്‍ അദ്ദേഹം പ്രഭാതം എന്ന പദത്തിന്റെ വിപരീതം ചോദിച്ചു. ഞാന്‍ മാത്രം പ്രദോഷം എന്ന പറഞ്ഞു. ബാക്കി കുട്ടികള്‍ക്കെല്ലാം ഞാന്‍മൂലം അടികിട്ടി. എന്റെ തൊട്ടപ്പുറത്തിരിക്കുന്ന എം.കെ. മൊയ്തു (എം. കെ. മൊയ്തുവിനെ മൗലവി മാഷ് 'എം.കെ എടാ ഹമുക്കേ' എന്നാണ് വിളിക്കുക) എന്നെ അപ്പോള്‍തന്നെ നുള്ളി. ''നിന്നെ കൊണ്ടാണ് ഞങ്ങള്‍ക്ക് അടികിട്ടിയത്. ഇനി പഠിച്ചുവന്നാല്‍ കിട്ടും എന്റെ വക അടി '' അന്നുമുതല്‍ അറിയാവുന്ന ഉത്തരം രഹസ്യമായി പറഞ്ഞുകൊടുക്കാമെന്ന കരാറായി. മൊയ്തു എന്റെ ചങ്ങാതിയായി. ഞങ്ങളുടെ വളപ്പിലെ കാടമാവില്‍ നിന്നും മാങ്ങ എറിഞ്ഞു വീഴ്ത്തിയാല്‍ ആദ്യം കിട്ടുന്നത് എനിക്കാണ് തരിക. കരാറിന് ശേഷമാണ് ഈ ഇടപാട്. ഒരുദിവസം പത്രങ്ങളില്‍ വന്ന കുറെ ചിത്രങ്ങള്‍ വെട്ടിയെടുത്ത് ഒരുപുസ്തകത്താളില്‍വെച്ച് ക്ലാസില്‍ കൊണ്ടുപോയി. ഗോപാലന്‍ മാഷ് അതുകണ്ടു. അതില്‍ ഒരു പശുവിന്റെയും കിടാവിന്റെയും ചിത്രമുണ്ടായിരുന്നു. മാഷ് ആ ചിത്രം നോക്കി എന്നോട് ചോദിച്ചു.
''ഇതിന് എത്ര കുറ്റി പാല് കിട്ടൂടോ'' 
കുറ്റിയും കണക്കും എനിക്കറിഞ്ഞുകൂടായിരുന്നു. മാഷ് ചിത്രങ്ങളെല്ലാം നോക്കിയതിന് ശേഷം കുറെക്കൂടി ചിത്രങ്ങള്‍ ചേര്‍ത്ത് ഒരു പുസ്തകത്തില്‍ ഒട്ടിച്ചുകൊണ്ടുവരാന്‍ പറഞ്ഞു. നോമ്പുകാലം വന്നപ്പോള്‍ ഞാന്‍ ആ ചിത്രങ്ങള്‍ സുരക്ഷിതമായിരിക്കാന്‍ വാതിലിന്റെ മേപ്പടിയില്‍വെച്ചു. പെരുന്നാള്‍ കഴിഞ്ഞുനോക്കുമ്പോള്‍ അതെല്ലാം ചിതല്‍ തിന്നുപോയിരുന്നു. അന്നുഞാന്‍ കരഞ്ഞുകൊണ്ടാണ് സ്‌കൂളില്‍ പോയത്. ഗോപാലന്‍മാഷ് ക്ലാസില്‍വന്നു ചോദിച്ചു.
''എന്താടോ കരയ്ന്നത്? ''
''എന്റെ പയ്യിന്റെ ചിത്രം ചെതല് തിന്നു സേര്‍ ''
''അയ്‌നെന്താടോ നമ്മക്ക് വേറെ പയ്യൂനെ വാങ്ങിക്കാലോ, എന്നിട്ട് പയ്യൂനെക്കൊണ്ട് ചെതലിനെ തിന്നിക്കാലോ''
അതുകേട്ടപ്പോള്‍ വലിയ ആശ്വാസമായി. നാലാം ക്ലാസ് അവസാനിക്കുന്നതിന് മുമ്പ് ഞങ്ങള്‍ മറ്റൊരു ആല്‍ബമുണ്ടാക്കി. മാഷുടെ മുന്നില്‍ വെച്ചു. നാലാം ക്ലാസ്സ് പാസ്സായി ഉദുമ ഹൈസ്‌ക്കൂളിലേക്ക് അഞ്ചില്‍ ചേരാന്‍ പോകുമ്പോള്‍ ഗോപാലന്‍ മാഷ് എന്റെ ഉപ്പയോട് പറഞ്ഞു. 
''ജോനെ പഠിപ്പിക്കണം മൊയ്ച്ച. മാഷായി വന്നാല്‍ നമ്മളെ സ്‌കൂളിലെന്നെ പണി കിട്ട്വല്ലോ, ജോനി നല്ലോണം എയ്താനറിയാ''
അഞ്ചാം ക്ലാസില്‍വെച്ച് ഞാന്‍ ആദ്യത്തെ കഥ എഴുതി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററുടെ കൈയെഴുത്ത് മാസികയില്‍ പ്രസിദ്ധം ചെയ്തപ്പോള്‍ ഞാനോര്‍ത്ത് എന്റെ അഭിവന്ദ്യഗുരുനാഥന്‍ ഗോപാലന്‍ മാസ്റ്ററെയാണ്. ഇന്ന് ഞാന്‍ കഥയും, ലേഖനവും, നോവലും, തിരക്കഥയും എഴുതുന്നു. ചിത്രം വരയ്ക്കുന്നു, ഫോട്ടോ ഗ്രാഫി ചെയ്യുന്നു. ഉദുമ ഇസ്ലാമിയ സ്‌കൂളിന്റെ ക്ലാസ്സ് മുറികളില്‍ നിന്ന് ഞാന്‍ കേട്ട ഗുരുവചനങ്ങള്‍ എനിക്കായി ഒരുക്കിത്തന്ന സര്‍ഗാത്മകതയുടെ ഈ ലോകം എപ്പോഴും എന്റെ കൂടെയുണ്ട്. 
'മഹല്ല്' എന്ന നോവലിന് മാമ്മന്‍ മാപ്പിള അവാര്‍ഡ് കിട്ടിയപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ എനിക്ക് സ്വീകരണം തന്നത് ഉദുമ ഇസ്ലാമിയ സ്‌കൂളില്‍ വെച്ചാണ്. ഞാന്‍ പഠിച്ച മഹത്‌വിദ്യാലയത്തിലെ ഗുരുനാഥന്‍ എനിക്ക് വിജയത്തിന്റെ സാക്ഷ്യപത്രങ്ങള്‍ തന്ന അതേ നാലാംക്ലാസില്‍ വെച്ച്. ഏത് എഴുത്തുകാരനും ആഗ്രഹിക്കുന്നതാണ്. ബഷീര്‍ ദ മേന്‍ എന്ന ഡോക്യുമെന്ററിക്ക് ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ഉദുമ വെങ്കിട്ടരമണ ടാക്കീസില്‍ അത് പ്രദര്‍ശിപ്പിച്ച് എനിക്കൊരു സ്വീകരണം നല്‍കിയപ്പോള്‍ ആനയിക്കുന്ന ഘോഷയാത്രയില്‍ ഉദുമ ഇസ്ലാമിയ സ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരുമുണ്ടായിരുന്നു. അതുതന്ന അഭിമാനം ചെറുതല്ല.
രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വേദനിപ്പിക്കുന്ന ഒരനുഭവമുണ്ടായി. രാവിലെ നടക്കുന്ന മദ്രസ്സ ക്ലാസില്‍ ഞങ്ങള്‍ കുറെ കുട്ടികള്‍ മാങ്ങാട് മൊയിലാര്‍ച്ച പറഞ്ഞ ഗൃഹപാഠം ചെയ്യാതെവന്നു. സ്ലേറ്റില്‍ എഴുതാനാണ് പറഞ്ഞത്. രണ്ട് കുട്ടികള്‍ മാത്രമേ. എഴുതിയിരുന്നുള്ളു. മാങ്ങാട് മൊയിലാര്‍ച്ചായുടെ തൊട്ടുപിറകിലാണ് ഞാന്‍ റെയില്‍വേ കട്ടിങ്ങ് ഇറങ്ങി റെയില്‍ കടക്കുക. മിക്കപ്പോഴും അദ്ദേഹം എന്തെങ്കിലും പറയുന്നുണ്ടാകും. ആരോടാണ് പറയുന്നതെന്നറിയില്ല. ചിലപ്പോള്‍ ഉച്ചത്തില്‍ ആക്രോശിക്കും. മാങ്ങാട് നിന്നുവരുന്ന കുട്ടികളില്‍ ചിലര്‍ അദ്ദേഹത്തിന് തലക്ക് സുഖമില്ലെന്ന് പറയാറുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിന്നാലെ നടക്കുമ്പോള്‍ ഭയം തോന്നും. 
മഴക്കാലമായിരുന്നു. കണ്യാളങ്കരയിലെ തോട് നിറഞ്ഞൊഴുകിയിരുന്നു. ഞാന്‍ വീട്ടില്‍ നിന്ന് തോട്ടിന്നടുത്തെത്തിയപ്പോള്‍ റെയില്‍വേ കട്ടിങ്ങിനുമുകളില്‍ തുര്‍ക്കിത്തൊപ്പി വെച്ച് കാലന്‍കുടയുമായി മൊയിലാര്‍ച്ച. എനിക്ക് ഒറ്റയ്ക്ക് തോട് കടയ്ക്കാന്‍ കഴിയില്ല. അദ്ദേഹം മുന്നോട്ടാഞ്ഞ് എന്നെ എടുത്തുകടത്തി. ഞാന്‍ പിന്നാലെ നടന്നു. അപ്പോള്‍ അദ്ദേഹം സ്വയം സംസാരിക്കാന്‍ തുടങ്ങി. എനിക്ക് പേടിയായി. സ്‌കൂളിലെത്തിയപ്പോള്‍ കാണുന്നത്, പിറകിലെ ഗ്രൗണ്ട് മഴപെയ്ത് നിറഞ്ഞിരിക്കുന്നു. സ്‌കൂള്‍ വാതില്‍ക്കല്‍വരെ വെള്ളമെത്തി. കഞ്ഞിപ്പുര പകുതി മുങ്ങിയിരിക്കുന്നു. സ്‌കൂളിന്നകം ഇരുണ്ട് രാത്രിയായപോലെ. 
മാങ്ങാട് മൊയിലാര്‍ച്ച ഗൃഹപാഠം എഴുതാത്തവരെ എഴുന്നേല്‍പ്പിച്ചുനിര്‍ത്തി. ഓരോരുത്തരുടെയും സ്ലേറ്റുകള്‍ അദ്ദേഹം വാങ്ങി. ഇരുപതിലധികം സ്ലേറ്റുകള്‍ മേശപ്പുറത്ത് അട്ടിവെച്ചു. പിന്നെ അതെടുത്ത് ജനലിന്നടുത്തേയ്ക്ക് നീങ്ങി. ജനലിലൂടെ അദ്ദേഹം സ്ലേറ്റുകള്‍ ഓരോന്നായി നിറഞ്ഞുകവിഞ്ഞ ഗ്രൗണ്ടിലേക്കെറിഞ്ഞു. സ്ലേറ്റുകള്‍ തീര്‍ന്നപ്പോള്‍ അദ്ദേഹം തുറിച്ച കണ്ണുകളോടെ ഞങ്ങളെ നോക്കി അട്ടഹസിച്ചു. ഞങ്ങള്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. അപ്പോഴേക്കും നാട്ടുകാര്‍ സ്‌കൂളിലേക്ക് ഓടിക്കൂടി. മാങ്ങാട് മൊയിലാര്‍ച്ചയുടെ അട്ടഹാസം നിന്നു. പിന്നെ കരച്ചിലായി. അതോടെ ഞങ്ങളുടെ കരച്ചില് നിന്നു.
'' യാ അള്ളാ ... ഞാനെന്താ ചെയ്‌തേ'' എന്നുപറഞ്ഞ് കൊണ്ട് മാങ്ങാട് മൊയിലാര്‍ച്ച തലയില്‍ കൈവെച്ച് ക്ലാസില്‍ കുത്തിയിരുന്നു. 
രക്ഷിതാക്കള്‍ ഓടിയെത്തി. ഒരാള്‍ ബാബുവിന്റെ പീടികയില്‍പോയി ഒരു തോര്‍ത്തുമായി വന്നു. വസ്ത്രങ്ങള്‍ അഴിച്ച് തൊപ്പി ഊരിവെച്ച് മൊയിലാര്‍ച്ച് തോര്‍ത്തുടുത്തു. 
''വെള്ളത്തിലെറങ്ങി മക്കളെ സ്ലേറ്റെടുത്ത് കൊട് '' ആരോ പറഞ്ഞു.
പിന്നെ ഞങ്ങള്‍ കണ്ടത് വെള്ളത്തിലേക്ക് ചാടി സ്ലേറ്റുകളുമായി മടങ്ങിവന്ന മാങ്ങാട് മൊയിലാര്‍ച്ചയെയാണ്. അപ്പോഴും ഞങ്ങളെല്ലാം കരഞ്ഞു. സ്ലേറ്റുകള്‍ ഓരോന്നും ഞങ്ങളെ ഏല്‍പ്പിച്ച്, വസ്ത്രം മാറി, തൊപ്പിയെടുത്ത് വെച്ച്, കാലന്‍ കുടയുമായി കുനിഞ്ഞ മുഖത്തോടെ നിശ്ശബ്ദനായി മാങ്ങാട് മൊയിലാര്‍ച്ച പടിയിറങ്ങിപ്പോയി. ആ കാഴ്ച എന്നെ വേദനിപ്പിച്ചു. കുറെക്കാലം അദ്ദേഹം വന്നില്ല.
റെയില്‍വേ കട്ടിങ്ങില്‍ എത്തുമ്പോള്‍ ഞാന്‍ മാങ്ങാട് മൊയിലാര്‍ച്ച വരുന്നുണ്ടോ എന്ന് നോക്കും. അദ്ദേഹം ഉണ്ടാവണെ എന്ന് പ്രാര്‍ത്ഥിക്കും. ആരോ പറഞ്ഞു അദ്ദേഹത്തെ ചികിത്സിക്കാന്‍ മംഗലാപുരത്ത് കൊണ്ടുപോയിരിക്കുകയാണെന്ന്. എത്രയോ കാലം എന്റെ മനസ്സില്‍ മൊയിലാര്‍ച്ച വെള്ളത്തില്‍ മുങ്ങിത്താണ് സ്ലേറ്റ് എടുത്ത് വരുന്ന വേദനിപ്പിക്കുന്ന ചിത്രം വ്രണമായി കിടന്നു. മാനസീകാസ്വാസ്ഥ്യമുള്ള ആ മനുഷ്യനെ അങ്ങനെ ശിക്ഷിക്കരുതായിരുന്നുവെന്ന് അന്ന് എന്റെ മനസ്സ് പറഞ്ഞത് തന്നെ ഇന്നും പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ മാങ്ങാട് മൊയിലാര്‍ച്ചയെ വഴിയില്‍ വെച്ചുകണ്ടു. പിറുപിറുക്കലില്ല, അട്ടഹാസമില്ല. പതിഞ്ഞ ശബ്ദത്തില്‍ അദ്ദേഹം എന്നെ നോക്കി പറഞ്ഞു. '' ഈ ദുനിയാവിന് ബിലാഖാ മോനെ'' ആ ഗുരു പഠിച്ച ജീവിതത്തിന്റെ പാഠങ്ങളെന്തെന്ന് ഞാനറിഞ്ഞു.